ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആദ്യം ആയ്നാട്ടിലും പിന്നീട് ഓടനാട്ടിലും ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം തുടര്‍ന്ന് തെക്കുംകൂറിന്‍റെയും, പന്തളത്തിന്‍റെയും പിന്നീട് തിരുവിതാംകൂറിന്‍റെയും കീഴിലായി. മഹോദയപുരം കേന്ദ്രമാക്കി വാണിരുന്ന ചേരരാജാവിന്‍റെ ആധിപത്യത്തിന്‍   കീഴിൽ നിലനിന്നിരുന്നതായും പറയപ്പെടുന്നു. സാമൂഹ്യസമത്വത്തിനും, സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി മൂലൂരിന്‍റെ നേതൃത്വത്തിൽ നടന്ന കോട്ടലഹള ചരിത്രപ്രസിദ്ധമാണ്. കൊല്ലവര്‍ഷം 1090-ല്‍ ശ്രീനാരായണഗുരുവിന്‍റെ നേതൃത്വത്തിൽ അധ:സ്ഥിതര്‍ ഇവിടുത്തെ ക്ഷേത്രത്തിൽ ആരാധന നടത്തിയിരുന്നു. ഇത് ക്ഷേത്ര പ്രവേശനവിളംബരത്തിനു വളരെ മുമ്പാണ് നടന്നത്. 1914-ല്‍ ശ്രീനാരായണ വൈജയന്തി ഗ്രന്ഥശാല ഈ പഞ്ചായത്തിൽ സ്ഥാപിച്ചു. 1906-ല്‍ ഗംഗാധര വിദ്യാലയവും, 1910-ല്‍ ചന്ദനക്കുന്ന് സ്കൂളും സ്ഥാപിതമായി. 1903-ല്‍ സാല്‍വേഷൻ ആര്‍മിക്കാർ സ്ഥാപിച്ച വിദ്യാലയമാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. 1947 മുതൽ മെഴുവേലി വില്ലേജുയൂണിയന്‍റെ കീഴിലായിരുന്നു ഈ പ്രദേശം. 1953-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ആർ.കെ.ദിവാകരനായിരുന്നു. ആറന്മുള അസംബ്ളി മണ്ഡലത്തിലും മാവേലിക്കര ലോക്സഭാമണ്ഡലത്തിലുമാണ് ഈ പഞ്ചായത്ത് പ്രദേശമുള്‍പ്പെടുന്നത്. ആയിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള ഇലവുംതിട്ട ശ്രീഭഗവതീക്ഷേത്രം, കുളക്കട, പത്തശ്ശേരി ക്ഷേത്രങ്ങള്‍, മെഴുവേലി സെന്‍റ് തോമസ് ചര്‍ച്ച്, ഇലവുംതിട്ട ക്രിസ്തുരാജ കാത്തലിക് ചര്‍ച്ച്, മലങ്കാവു പളളി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.